ഏകാന്തത അനുഭവിക്കേണ്ടതിനു് നമ്മൾ ശാരീരികമായി ഏകാന്തതയിൽ ആയിരിക്കണമെന്നില്ല. അക്ഷരാർത്ഥത്തിൽ മറ്റുള്ളവരാൽ ചുറ്റപ്പെട്ട അവസ്ഥയിൽ പോലും, ഏകാന്തത, ഏകനാണെന്ന തോന്നൽ, അനുഭവിച്ചിവരാണ് നമ്മളിൽ പലരും.
നമ്മുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ, എല്ലാവരും തനിച്ചാകുന്നു, അല്ലെങ്കിൽ വലിയ ഏകാന്തത നമ്മൾക്ക് അനുഭവപ്പെടുന്നു. ആൾക്കൂട്ടത്തിൽ തനിയെ ആയിരിക്കുമ്പോഴും, ശാരീരികമായി തനിച്ചായിരുന്നാൽ പോലും, നമ്മൾ ഒരിക്കലും ഏകാന്തത അനുഭവിക്കേണ്ടതില്ല, കാരണം – ദൈവം എപ്പോഴും നമ്മളോടൊപ്പമുണ്ട്..!
ദൈവം തന്റെ വചനത്തിലൂടെ നമ്മൾക്കു വെളിപ്പെടുത്തി തന്നിട്ടു പോലും, പലപ്പോഴും
നാം അവനോട് ചോദ്യങ്ങൾ ചോദിക്കുന്നു.
“ദൈവം? നിങ്ങൾ അവിടെയുണ്ടോ?”
ദൈവം പറയുന്നു.
“അതെ, ഞാൻ ഇവിടെ തന്നെയുണ്ട്.”
“ദൈവമേ, എനിക്ക് ഏകാന്തത തോന്നുന്നു.”
മനസ്സിലാക്കുക,
“നിനക്ക് ഏകാന്തത അനുഭവപ്പെടാം, പക്ഷേ നീ ഒറ്റയ്ക്കല്ല.”
“ദൈവമേ, അങ്ങെന്നെ കൈ വെടിയരുതേ ഒറ്റയ്ക്കു വിടല്ലേ”
“പ്രിയപ്പെട്ടവനെ, ഞാൻ ഇതിനകം നിന്നോട് പറഞ്ഞിട്ടില്ലേ, നിനക്ക് ഉറപ്പുനൽകുന്നതിനായി അത് എന്റെ വചനത്തിൽ എഴുതി വച്ചിട്ടുമുണ്ടല്ലോ! “ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.” “ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇല്ലായിരുന്നെങ്കിൽ നിനക്കു വേണ്ടി മരിക്കാൻ എന്റെ പുത്രനായ യേശുവിനെ അയയ്ക്കുമായിരുന്നോ?”
ഓ .. ദൈവമേ … അങ്ങേയ്ക്കു നന്ദി
നമ്മുടെ നല്ല പിതാവെന്ന നിലയിൽ, അവൻ അവിടെ ഉണ്ടെന്നും നാം തനിച്ചല്ലെന്നും ഇനിയും എത്ര തവണ നമ്മൾക്ക് ദൈവത്തിന്റെ ഉറപ്പ് ആവശ്യമാണ്?
നമ്മൾക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഇന്ന് ദൈവത്തിന്റെ ഉറപ്പുകൾ ഓർക്കുക.
ദൈവം മാറ്റമില്ലാത്തവനാണെന്നും, കള്ളം പറയാത്തവനാണെന്നും ഓർക്കുക, അതിനാൽ അവൻ പറഞ്ഞതുപോലെ ചെയ്യുമെന്ന് നമ്മൾക്ക് തീർച്ചയായും വിശ്വസിക്കാം.
മലകളും സമുദ്രങ്ങളും ഉണ്ടാക്കിയ ദൈവം നമ്മളോടുകൂടെയുണ്ട്. സൂര്യാസ്തമയത്തിന്റെ സ്രഷ്ടാവ് നമ്മളുമായി ഒരു യഥാർത്ഥ ബന്ധം ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് നാം കുറച്ച് സമയം ചിന്തിക്കുക – നമ്മൾ ഒറ്റയ്ക്കല്ലെന്ന് മാത്രമല്ല, പ്രപഞ്ചത്തിന്റെ ദൈവം നമ്മളുടെ അരികിലുണ്ട്! ഏത് പ്രയാസകരമായ നിമിഷത്തിലും, ദൈവം നമ്മളോടൊപ്പമുണ്ടെന്നും അവൻ നമ്മൾക്കുവേണ്ടിയാണെന്നും നമ്മൾക്ക് ഏറ്റവും മികച്ചതാണ് അവൻ ആഗ്രഹിക്കുന്നതെന്നും അറിയുന്നതിനാൽ നമ്മൾക്ക് ആത്മവിശ്വാസമുണ്ടാകുന്നു.
നമ്മുടെ ജീവിതത്തിലെ വലിയ പ്രശ്‌നങ്ങൾ ശ്രദ്ധിക്കാൻ തക്കവണ്ണം ദൈവം വളരെ വലുതാണ്.
അതിലുമുപരിയായി, നമ്മുടെ ജീവിതത്തിലെ എല്ലാ ചെറിയ പ്രശ്‌നങ്ങളും അവൻ ശ്രദ്ധിക്കുന്നു. നമ്മുടെ ഒരു മുടി കൊഴിയുന്നതു പോലും അവനാഗ്രഹിക്കുന്നതല്ല. അതു പോലും അവൻ ഗൗനിക്കുന്നു.
ഏകാന്തത നമ്മളുടെ ജീവിതത്തിന്റെ വലിയ ഭാഗമോ ചെറിയ ഭാഗമോ ആയിക്കൊള്ളട്ടെ, ആ ഭാരം നമ്മൾക്കായി വഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
യേശു ഭൂമിയിൽ വന്ന്, നാം ജീവിച്ചതു പോലെ തന്നെ ജീവിച്ചു. നമ്മൾക്കുണ്ടായ അതേ അനുഭവങ്ങളിലൂടെയും വികാരങ്ങളിലൂടെയും അവിടുന്നു കടന്നുപോയി. സുഹൃത്തുക്കളെല്ലാവരും അവനെ പരസ്യമായി നിരസിക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. ഒറ്റപ്പെടുത്തലും, ഏകാന്തതയും, അതിന്റെ പൂർണ്ണതയിൽ അനുഭവിച്ചവനാണ് യേശു. അതിനാൽ നമ്മൾ കടന്നുപോകുന്നത് എന്താണെന്ന് അവന് ശരിക്കുമറിയാം, എല്ലാ നിമിഷങ്ങളിലും അവൻ നമ്മളോടൊപ്പമുണ്ട്, നമ്മളെ ആശ്വസിപ്പിക്കാൻ തയ്യാറുമാണ്.
ദൈവം എപ്പോഴും നമ്മളോടൊപ്പമുണ്ട്. വാസ്‌തവത്തിൽ, യേശു, നമ്മോടു വളരെ, വളരെ അടുത്തായിരിക്കാൻ ആഗ്രഹിക്കുന്നു, യേശു നമ്മോടു കൂടെ വസിക്കാൻ വേണ്ടിയാണ് ഭൂമിയിൽ വന്നത്. പിന്നീട് ഇഹലോക വാസം വെടിഞ്ഞപ്പോൾ
നമ്മുടെ ഹൃദയങ്ങളിൽ വസിക്കാൻ അവിടുന്നു പരിശുദ്ധാത്മാവിനെ അയച്ചു. നമ്മളുമായുള്ള ബന്ധം അവൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു!
ദൈവം നമ്മോടു പറയുന്നു.
“നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടു കൂടെ എന്നപോലെ നിന്നോടു കൂടെയും ഉണ്ടായിരിക്കും. “
(ജോഷ്വ 1 : 5)